/ഷിജിന സുരേഷ്കുമാർ /
കൊട്ടിയൂർ: വികസനം മൂത്ത് മൂത്ത് കൃഷിയിടമൊക്കെ കാടായും, കടുവയും പുലിയുമൊക്കെ വളർത്തുമൃഗങ്ങളായും പരിണമിച്ച കാ(നാ)ട്ടിലാണ് തെങ്ങുംപള്ളിൽ മത്തായിയും ഭാര്യ പെണ്ണമ്മയും ജീവിക്കുന്നത്. പ്രശസ്തമായ കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിലാണ് ഇവരുള്ളത്. 50 കൊല്ലം മുൻപ് ഇവരുടെ ചുറ്റുമായി നാൽപ്പതോളം വീടുകളുണ്ടായിരുന്നു. ചുറ്റും ഫലവൃക്ഷങ്ങളും നാണ്യവിളകളും കുലച്ചു മറിഞ്ഞ തെളിഞ്ഞ കൃഷിയിടങ്ങളും. വികസന കുതിപ്പ് വേദമന്ത്രം പോലെ രാഷ്ട്രീയ ഭരണകർത്താക്കൾ നിരന്തരം തള്ളാൻ തുടങ്ങിയ കഴിഞ്ഞ 15 വർഷത്തിനിടയിൽ ചുറ്റുമുണ്ടായിരുന്ന നാൽപതോളം കുടുംബങ്ങളും ആ നാടു വിട്ടു. 15 വർഷം മുൻപ് കൃഷിയിടങ്ങളായിരുന്ന പ്രദേശം വനവും വനസമാനവുമായി കാട് മൂടി. പശുവും കിടാവും ആടും കോഴിയും മേഞ്ഞുനടന്ന പുരയിടങ്ങളിൽ കാട്ടുപന്നിയും മാനും മയിലും പുലിയും കടുവയും വിലസി നടക്കുന്നിപ്പോൾ. മത്തായിയുടെയും പെണ്ണമ്മുടേയും വീടിൻ്റെ രണ്ട് കിലോമീറ്ററോളം ചുറ്റളവിൽ ഒരു വീടുപോലും ഇല്ല, ഒരു മനുഷ്യജീവിയും എത്താറില്ല. ലോക കമ്പോളത്തിൽ മികച്ച വില കിട്ടിയിരുന്ന കശുവണ്ടിപ്പരിപ്പ് ഉൽപാദിപ്പിച്ച് രാജ്യത്തിൻ്റെ വികസന കുതിപ്പ് നിലനിർത്തിയിരുന്ന കാർഷിക ഭൂമിയിൽ നിന്ന് പല കോടികളാണ് നേട്ടമുണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് അവിടെ കടം പെരുകി ജപ്തി ലേല നടപടികളുടെ നിയമക്കുരുക്കാണ് വാഴുന്നത്. വരുമാനമില്ല, സർക്കാർ പ്രഖ്യാപിച്ച നക്കാപ്പിച്ച പെൻഷൻപോലും കിട്ടുന്നില്ല. തേങ്ങ കുരങ്ങും, കപ്പ കാട്ടുപന്നിയും പച്ചക്കറികൾ മാവും മയിലും നശിപ്പിക്കുന്നു. ജീവന് ഭീഷണിയായി ഹിംസ്ര മൃഗങ്ങൾ ചുറ്റും പതിയിരിക്കുന്നു. ഇതാണ് മത്തായിയും പെണ്ണമ്മയും താമസിക്കുന്ന പ്രശസ്തമായ പാലുകാച്ചി.
കാടുമൂടിയ പാലുകാച്ചിയെ വികസന പാതയിലെത്തിക്കാൻ വികസന കുതുകികളായ വികസന രാഷ്ട്രീയ നായകർ ചേർന്ന് ഉണ്ടാക്കിക്കൊണ്ടു വരുന്ന പ്രശസ്തമായ ഇക്കോ ടൂറിസം പദ്ധതിയിലും അതിൻ്റെ വരുമാനത്തിലും ഒക്കെ കണ്ണുനട്ട് ആർത്തിയോടെ കാത്തിരിക്കുകയാണ് മത്തായിയും പെണ്ണമ്മയും ഒഴികെയുള്ള പരിഷ്കാരികളായ ഉദ്യോഗസ്ഥരും പാർട്ടിക്കാരും അവരുടെ വിശ്വാസികളുമെല്ലാം. എന്നാൽ ഒന്ന് നില വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിൽ പോലും ഒരു മനുഷ്യൻ ഇല്ലാത്ത, അയൽപക്കങ്ങൾ ഇല്ലാത്ത പാലുകാച്ചിയിലെ വീട്ടിൽ ഇരുന്ന് ദൂരെ താഴ്വാ രത്തിൽ കാണുന്ന പള്ളിമണി ഗോപുരത്തിലേക്ക് നിസഹായതയോടെ നോക്കി നിശ്വാസ പ്രാർത്ഥനയിലാണ് പ്രായം 77 വയസ്സ് കഴിഞ്ഞ തെങ്ങുംപള്ളി മത്തായിയും 75 വയസ്സുള്ള പെണ്ണമ്മയും.
ഇടയ്ക്ക് മലകയറിയെത്തുന്ന കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകവും പഴയ ചില അയൽവാസികളുമാണ് ഇവർക്ക് ഭക്ഷണ വസ്തുക്കളും മരുന്നും ഒക്കെ കൊണ്ടുവരുന്നത്. ഇവിടേക്ക് എത്തണമെങ്കിൽ ചുങ്കക്കുന്നിൽ നിന്ന് 4 വീൽ വാഹനങ്ങളേയോ ഓഫ് റോഡ് വാഹനങ്ങളേയോ ആശ്രയിക്കണം. രണ്ട് കിലോമീറ്റർ ദൂരം ടാറിങ് റോഡുണ്ട്, അര കിലോമീറ്ററോളം കോൺക്രീറ്റ് റോഡും. ബാക്കി ഒന്നര കിലോമീറ്റർ ഓഫ് റോഡ് വാഹനത്തിൽ സഞ്ചരിച്ചാൽ മത്തായിയുടെ വീടിന് സമീപം വരെ എത്താം. പിന്നെ കാൽനട ശരണം. മഴക്കാലമായാൽ ടാറിങ്ങിന് അപ്പുറമുള്ള രണ്ടര കിലോമീറ്ററിലധികം ദൂരംകുന്ന് നടന്നു തന്നെ കയറണം. ചുറ്റും വനവും കാടുമൂടിയ കൃഷിയിടങ്ങളും ഭീകരതയോടെ ഉണ്ട്.
1975 ലാണ് മത്തായിയും കുടുംബവും ഇവിടെ താമസം തുടക്കിയത്. 2004 ൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് കർഷകർ ഇവിടെ നിന്ന് താമസം മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പ്രദേശത്തെ പുനരുദ്ധരിക്കാൻ സർക്കാരുകൾ ഒന്നും ചെയ്തില്ല. ഒരു റോഡെങ്കിലും നന്നായി നിർമിച്ചിരുന്നെങ്കിൽ ജനം കൃഷി ചെയ്ത് അവിടെ ജീവിക്കുമായിരുന്നു. വികസനമെത്തില്ല എന്ന് തോന്നിയതോടെ ബാക്കിയുള്ള വീട്ടുകാർ പ്രദേശം വിട്ട് മറ്റിടങ്ങളിൽ വീടു വച്ചും വാടകവീടെടുത്തും താമസം മാറ്റി തുടങ്ങി. സാമ്പത്തിക പ്രതിസന്ധി കാരണം മത്തായി ഇവിടെ തുടർന്നു. ഒടുവിൽ ഇരുപത് വർഷം പിന്നിടുമ്പോൾ മത്തായിയും ഭാര്യ പെണ്ണമ്മയും മാത്രമാണ് ഈ പ്രദേശത്ത് ബാക്കിയുള്ളത്. പ്രായവും കൂടി കൂടി വന്നു. രണ്ട് പെൺമക്കൾ ആണ് ഉണ്ടായിരുന്നത്. ഇവരെ വിവാഹം കഴിപ്പിച്ച് അയച്ചു. കൃഷിയിൽ നിന്ന് വരുമാനം കിട്ടിയിരുന്നതിനാൽ താമസം ഇവിടെ തുടർന്നു. എന്നാൽ കാട്ടുപന്നിയും കുരങ്ങും മുതൽ കടുവയും പുലിയും വരെ എത്തിയതോടെ അതും നിലച്ചു മത്തായിക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. ഭാര്യ പെണ്ണമ്മയ്ക്ക് ആധാർ കാർഡ് പോലും ഇല്ല. അതിനാൽ പെൻഷനും ഇല്ല. സമീപ കാലത്തായി പെണ്ണമ്മ രോഗബാധിതയുമാണ്. മാനസിക നിലയും തെറ്റിയിരിക്കുന്നു. ആകെ ഉണ്ടായിരുന്ന ഭൂമി കൊട്ടിയൂർ സഹകരണ ബാങ്കിൽ പണയം വച്ച് 60000 രൂപ കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി. 10 സെന്റ് ഭൂമിയും വീടും ഒഴികെ ബാക്കി ജപ്തി ചെയ്യാൻ കോടതി ഉത്തരവ് വന്നു എന്നാൽ ബാങ്ക് ഇതുവരെ നടപടി ഒന്നും എടുത്തില്ല എന്നാണ് അവകാശപ്പെടുന്നത്. പക്ഷെ ഇടയ്ക്കിടെ നോട്ടീസ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. 1.6 ലക്ഷം രൂപ തിരികെ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് പുതിയ നോട്ടിസ്. വായ്‌പയെടുത്ത തുക തിരികെ കൊടുക്കണം എന്നും സുരക്ഷിതമായ ഒരു വീടു വേണം എന്നുമാണ് മത്തായിയുടെ ആവശ്യം. അതിന് കഴിയില്ലയെങ്കിൽ സമീപത്തെ ജനവാസ കേന്ദ്രത്തിൽ ഒരു ചെറിയ വീട്, ഇടയ്ക്ക് സ്വന്തം അധ്വാന ഭൂമിയായിരുന്ന കൃഷിയിടത്തിൽ ഒന്ന് എത്താൻ കഴിയുന്ന ദൂരത്തിൽ .......
താമസിക്കാൻ വേണ്ടി മാത്രം. നഷ്ടസ്വപ്നങ്ങളാൽ മനോനില തകർന്നു കൊണ്ടിരിക്കുന്ന തൻ്റെ ഭാര്യ പെണ്ണമ്മയെ ഒന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന ദൂരത്തിൽ, താമസത്തിന് ഒരു വീട് വേണം മത്തായിക്ക്. അതാണ് മത്തായിയുടെ മനസ്സ്.
വികസനം എന്നാൽ നിലനിൽക്കുന്ന ചുറ്റുപാടുകളിൽ സൗകര്യങ്ങളും സാഹചര്യങ്ങളും വർധിപ്പിക്കലാണ്. അല്ലാതെ നിയമവും അബദ്ധ ബുദ്ധിയും ഉള്ളത് വച്ച് നിലവിലുള്ളതെല്ലാം തകർത്തു നശിപ്പിച്ച് പുതിയ നഗരങ്ങൾ ഉണ്ടാക്കാമെന്ന് തള്ളുന്നതല്ല. കർഷകർ അധ്വാനിക്കുന്നത് കൃഷിയിടം സംരക്ഷിച്ച് വരുമാനം വർധിപ്പിച്ച് സ്വയവും നാടിനും ഐശ്വര്യം വർധിപ്പിക്കാനാണ്. അല്ലാതെ ഉള്ള ക്രിഷിയിടം വനമാക്കിയ ശേഷം അവിടെ ടൂറിസം വികസനമെന്ന് പറഞ്ഞ് മാഫിയ കുട്ടിക്കൊടുപ്പ് നടത്തി വികസിക്കാനല്ല എന്ന് സർക്കാർ ഓർക്കണം, പാർട്ടിക്കാർ മറക്കരുത്.
Mathai and Pennamma are living. Tigers and tigers 'develop' around the forest.